കൊല്ലം കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിര്ത്തിയിട്ട കാറില് അധ്യാപകനെ മരിച്ച നിലയില് കണ്ടെത്തി. പത്തനംതിട്ട അങ്ങാടിക്കല് എസ്.എന്.വി വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളിലെ അധ്യാപകനായ അടൂര് പറക്കോട് സ്വദേശി ആര്. മണികണ്ഠന് (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അധ്യാപകനെ കാറിനുള്ളില് സീറ്റില് മരിച്ച നിലയില് കണ്ടെത്തിയത്. എം.സി റോഡിന്റെ വശത്ത് നിര്ത്തിയിട്ട കാറിന്റെ മുന്വശത്തെ ഇടതു സീറ്റില് ആണ് മൃതദേഹം കണ്ടത്. ഏറെ നേരമായി വാഹനം ഒരേ സ്ഥലത്ത് നിര്ത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാര് പരിശോധിക്കുകയായിരുന്നു. കലയപുരത്ത് ഇന്ത്യന് ഓയില് പെട്രോള് പമ്പിന് എതിര് വശത്തായിരുന്നു കാര് നിര്ത്തിയിട്ടിരുന്നത്. വ്യാഴാഴ്ച ഉച്ച മുതല് തന്നെ കാര് ഇവിടെ ഉണ്ടായിരുന്നെന്ന് നാട്ടുകാരില് ചിലര് പറഞ്ഞു. രാത്രിയാണ് നാട്ടുകാര് കാറിനടുത്തെത്തി പരിശോധിച്ചത്. തുടര്ന്ന് നാട്ടുകാര് അറിയിച്ചതിന്റെ അടിസ്ഥാനത്തില് പൊലീസും പിന്നീട് ഫോറന്സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം അടൂര് താലൂക്ക് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. സംഭവത്തില് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Pathanamthitta Angadikal SNV Vocational Higher Secondary teacher found dead in car parked on roadside